അതിജീവിതയുടെ കൂടെയെന്ന് ഉമ തോമസ്
Tuesday, May 24, 2022 4:01 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് പി.ടി. തോമസിന്റെ മൊഴി എടുക്കുമ്പോഴേ അദ്ദേഹം പറഞ്ഞിരുന്നുവെന്നും അതുതന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. അതിജീവിതയുടെ കൂടെ അതിനായി താനും ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവള് അപമാനിതയായാല്‍ അവള്‍ക്ക് നീതികിട്ടണം. അതുകൊണ്ടുതന്നെയാണ് അതിജീവിതയുടെ നീതിക്കു വേണ്ടി ഞാന്‍ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുത്തതും. തെറ്റു നടന്നിട്ടുണ്ട് എന്നതു വ്യക്തമാണ്. കുറ്റവാളികള്‍ക്കു ശിക്ഷ കിട്ടേണ്ടതും അത്യാവശ്യമാണ്. തെറ്റുകാര്‍ക്ക് ശിക്ഷ ലഭിക്കാനായി എല്ലാ പിന്തുണയും അതിജീവിതയ്ക്കു നല്‍കും.
സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ല. മഞ്ഞക്കുറ്റി അടിക്കുമ്പോള്‍ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ പോലും ന്യായം കണ്ടെത്താന്‍ പറ്റാത്ത സര്‍ക്കാരാണ് ഇത്. സ്ത്രീവിരുദ്ധ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരേ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. സ്ത്രീ ശക്തീകരണത്തിനു വേണ്ടിയായിരിക്കും തന്റെ നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.