കൊച്ചി തുറമുഖത്ത് ജെട്ടി തകർന്ന് ടൂറിസ്റ്റുകൾ കായലിൽ വീണു
Saturday, May 21, 2022 1:00 AM IST
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ടെർമിനൽ ജെട്ടി തകർന്ന് വിനോദസഞ്ചാരികൾ കായലിൽ വീണു.
സ്വകാര്യ വിനോദസഞ്ചാര ബോട്ടിലെത്തിയ സ്ത്രീകളടക്കം15 ഓളം പേരാണ് സ്ലാബ് തകർന്ന് കായലിലെ ചെളിയിൽ വീണത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് പെട്ടെന്നുതന്നെ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവായി. ആഭ്യന്തര വിനോദ സഞ്ചാരികളുമായെത്തിയ ബോട്ട് ഉടൻ മടങ്ങുകയും ചെയ്തു.
കൊച്ചി കായലിൽ മെട്രോ ജെട്ടിക്ക് സമീപമു ള്ള ജലഗതാഗത വകുപ്പിന്റെ ജെട്ടിയുടെ സ്ലാബാണ് തകർന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താത്ത ജെട്ടിയാണിതെന്നു നാട്ടുകാർ പറയുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഇടയ്ക്ക് എത്താറുണ്ടെങ്കിലും സ്വകാര്യ ടുറിസ്റ്റ്ബോട്ടുകളും ഇത് ഉപയോഗിക്കാറുണ്ട്.
അപകടത്തെ തുടർന്ന് കൊച്ചി തുറമുഖ അഥോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു.