മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും
Saturday, January 29, 2022 1:16 AM IST
തിരുവനന്തപുരം: ലോകായുക്താ ഓർഡിനൻസ് വിവാദം സംസ്ഥാനത്തു കത്തിനിൽക്കേ അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്തുന്നതു വൈകും. അമേരിക്കയിൽനിന്നു ദുബായിലെത്തിയ മുഖ്യമന്ത്രി ഒരാഴ്ചയോളം യുഎഇ സന്ദർശിച്ച ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ.
ദുബായ് എക്സ്പോയിലെ കേരള പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടുത്ത മാസം ഏഴിനു തിരുവനന്തപുരത്തു മടങ്ങി യെത്തുമെന്നാണു ലഭിക്കുന്ന വിവരം. യുഎസിൽ നിന്ന് ഇന്നു തിരുവനന്തപുരത്ത് എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ദുബായ് എക്സ്പോയിൽ പങ്കെടുക്കാനും വിവിധ ചർച്ചകളിൽ പങ്കെടുക്കാനും യുഎഇയിലേക്കു വീണ്ടും പോകാനുമായിരുന്നു നേരത്തേയുള്ള തീരുമാനം.