ആംബുലൻസിൽ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
Saturday, January 29, 2022 1:16 AM IST
പെരിന്തൽമണ്ണ: ആംബുലൻസിൽ കടത്തിയ 46 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി. മലപ്പുറം ചട്ടിപ്പറന്പ് ആറങ്ങോട്ട് പുത്തൻപീടികയേക്കൽ ഉസ്മാൻ(46), തിരൂരങ്ങാടി പൂമണ്ണ ഈരാട്ട് ഹനീഫ(40), മുന്നിയൂർ കളത്തിങ്ങൽപാറചോനേരി മഠത്തിൽ മുഹമ്മദാലി (36)എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സുനിൽ പുളിക്കൽ, സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ആന്ധ്രയിൽനിന്നു കേരളത്തിലേക്ക് ആംബുലൻസിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു കഞ്ചാവ്. ലോക്ഡൗണ്‍ ലക്ഷ്യംവച്ച് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ആഡംബര കാറുകളിലും ആംബുലൻസുകളിലും മറ്റും രഹസ്യമായി വൻ തോതിലാണ് കഞ്ചാവ് കേരളത്തിലേക്കു കടത്തുന്നത്.