മയക്കുമരുന്ന് കടത്ത്: വനിതാ ഓഫീസർമാരില്ല; സ്ത്രീ കാരിയര്‍മാർ കൂടുന്നു
Sunday, January 23, 2022 1:30 AM IST
കോഴിക്കോട്: കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്നു മയക്കുമരുന്ന് കടത്തുന്നതിൽ സ്ത്രീകൾ മുൻപന്തിയിൽ. പിടിക്കപ്പെടാതിരിക്കാന്‍ സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുമ്പോൾ സംസ്ഥാനത്തേക്കൊഴുകുന്നത് അതിമാരക മയക്കുമരുന്നുകൾ.
എക്സൈസ് വകുപ്പിന്റെ പരിശോധനയില്ലാതെ സുഗമമായി മയക്കുമരുന്ന് കൊണ്ടുവരാന്‍ കഴിയുന്നതിനാലാണ് മയക്കുമരുന്നു സംഘം സ്ത്രീകളെ കാരിയർമാരാക്കുന്നത്. സ്ത്രീകളെ പരിശോധിക്കാന്‍ എക്സൈസ് ചെക്ക് പോസ്റ്റുകളില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ സാന്നിധ്യമില്ലാത്തതാണ് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്.
സ്ത്രീകളെ ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ സംഘങ്ങള്‍ ന്യൂജനറേഷന് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ആഡംബര കാറുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും ചെക്ക്പോസ്റ്റകുള് വഴി അനായാസേന കടന്നുപോരാന്‍ സ്ത്രീകള്‍ക്കു കഴിയുന്നു. സ്ത്രീകളും കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങള്‍ നിലവില്‍ ചെക്ക് പോസ്റ്റില്‍ പരിശോധിക്കാറില്ല. ഇതു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അതിര്‍ത്തികടക്കല്‍ എളുപ്പമാക്കുന്നു.
സംസ്ഥാനത്ത് എക്സൈസ് വകുപ്പില്‍ 562 വിനതകളാണ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായി സേവനമനുഷ്ഠിക്കുന്നത്. എക്സൈസ് റേഞ്ച് ഓഫീസുകളിലും നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ഓഫീസുകളിലുമാണ് ഇവര്‍ ജോലി ചെയ്യുന്നത്. സര്‍ക്കിള്‍ ഓഫീസുകളില്‍ വനിതകളില്ല. മേജര്‍ ചെക്ക് പോസ്റ്റുകളില്‍ വനിതാ ഓഫീസര്‍മാരെ നിയോഗിക്കുകയാണെങ്കില്‍ അടിസ്ഥാന സൗകര്യം ഒരുക്കണം.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്ത്രം മാറുന്നതിനുമെല്ലാം സൗകര്യമുണ്ടാക്കണം. രാത്രി എട്ടുകഴിഞ്ഞാല്‍ ഒന്നിലേറെ വനിതകളെ ഡ്യട്ടിയില്‍ നിയോഗിക്കണമെന്നാണ് ചട്ടം. വനിതാ ഓഫീസര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്. റെയ്ഡിനു പോകുമ്പോഴും രണ്ടു വനിതകള്‍ ഒന്നിച്ചായിരിക്കണം. സംസ്ഥാനത്ത് പുതുതായി 562 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നിർദേശം സര്‍ക്കാറിനു സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് എക്സൈസ് വകുപ്പിന് 41 ചെക്ക്പോസ്റ്റുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മേജര്‍ ചെക്ക്പോസ്റ്റുകളാണ്. കാസര്‍ഗോട്ടെ മഞ്ചേശ്വരം, വയനാട്ടിലെ മുത്തങ്ങ, പാലക്കാട്ടെ വാളയാര്‍, കൊല്ലത്തെ ആര്യങ്കാവ്, തിരുവനന്തപുരത്തെ അമരവിള എന്നിവയാണ് മേജര്‍ ചെക്ക്പോസ്റ്റുകള്‍. ഇടുക്കിയിലെ കുമളി മേജര്‍ ചെക്ക്പോസ്റ്റിന്റെ പരിഗണനയിലുള്ള ഒന്നാണ്. ഇവയെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവേശന കവാടങ്ങളാണ്.