പാറക്കടവിൽ കെ-റെയിൽ കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി
Saturday, January 22, 2022 1:33 AM IST
നെടുമ്പാശേരി: പ്രദേശവാസികളുടെ പ്രതിഷേധം വകവയ്ക്കാതെ പോലീസ് സംരക്ഷണത്തിൽ കെ-റെയിലിനായി പാറക്കടവ് പഞ്ചായത്തിൽ സ്ഥാപിച്ച സർവേക്കല്ലുകൾ നാട്ടുകാർ ഇന്നലെ പിഴുതുമാറ്റി.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ സംഘടിച്ച നാട്ടുകാർ പ്രകടനമായെത്തിയാണ് പുളിയനം ത്രിവേണി പാടശേഖരങ്ങളിൽ വ്യാഴാഴ്ച ഇട്ട 15 സർവേക്കല്ലുകൾ പറിച്ചെടുത്തത്. കല്ലുകൾ റോഡരികിൽ കൂട്ടിയിട്ട് റീത്തും വച്ചു.
പാറക്കടവ് പഞ്ചായത്തിലെ നെല്ലറയെന്ന് വിശേഷിപ്പിക്കാവുന്ന 16, 17, 18 വാർഡുകളിലൂടെയാണ് നിർദ്ദിഷ്ട കെ-റെയിൽ കടന്നുപോകുന്നത്. വിളഞ്ഞു കൊയ്യാൻ പാകമായി കിടക്കുകയാണ് ഇവിടത്തെ പാടശേഖരങ്ങൾ. നെൽപാടത്തിന്റെ നടുവിലൂടെയാണ് കല്ലുകൾ ഇട്ടിരുന്നത്.
ജനവാസകേന്ദ്രം കൂടിയായ ഈ മേഖലയിലൂടെ കെ-റെയിൽ കടന്നുപോകാൻ സമ്മതിക്കില്ലന്ന് നാട്ടുകാർ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. എന്ത് വില കൊടുത്തും തടയുമെന്ന് മുൻ പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ പി.വി. ജോസ് പറഞ്ഞു. പാറക്കടവ് പഞ്ചായത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് റോജി എം. ജോൺ എംഎൽഎ പിന്തുണ പ്രഖ്യാപിച്ചു.