മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ ജോസ്മോന് സസ്പെൻഷൻ
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: കൈക്കൂലി കേസിൽ വിജിലൻസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർ ജെ. ജോസ്മോന് സസ്പെൻഷൻ. പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. വേണുവാണ് ജോസ് മോനെ സസ്പെൻഡ് ചെയ്തത്.
കോടികളുടെ കൈക്കൂലി കേസിൽ വിജിലൻസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ഒളിവിൽ കഴിയുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുകയും ചെയ്യുന്നതിനിടയിൽ ജോസ്മോനെ കോട്ടയത്തു നിന്നു മാറ്റി തിരുവനന്തപുരത്തെ ഓഫീസിൽ നിയമിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ജോസ്മോന്റെ കൊല്ലം എഴുകോണിലെ വസതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കറൻസിയും നിക്ഷേപങ്ങളുടെ രേഖകളും അടക്കം കോടികൾ കണ്ടെത്തിയിരുന്നു. അനധികൃതമായി സന്പാദിച്ച പണമാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.