കേസിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപിന്റെ ഹര്‍ജി
Tuesday, January 18, 2022 1:20 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ തടയണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കോടതി ഉത്തരവിനു വിരുദ്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്ക്കെതിരേ നടപടി വേണമെന്നും ഹര്‍ജിയിൽ പറയുന്നു.
മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്ന വിധത്തില്‍ കേസിന്റെ വിവരങ്ങള്‍ ചോരുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥനോടു നിര്‍ദേശിച്ചിരുന്നു.
വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാര്‍ച്ച് 19ന് ഉത്തരവും നല്കി. ഇതു ലംഘിച്ചാണ് മാധ്യമങ്ങള്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ചതെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.