കണ്ണൂര്‍ സര്‍വകലാശാല: അപ്പീല്‍ മാറ്റി
Tuesday, January 18, 2022 1:20 AM IST
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി 27ന് പരിഗണിക്കാനായി മാറ്റി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ വിശദീകരണം നല്കാന് സമയം തേടിയതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ മാറ്റിയത്.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം കവര്‍ന്നാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചതെന്നും യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയെന്നുമാരോപിച്ച് സര്‍വകലാശാല സെനറ്റംഗം വി. വിജയകുമാര്‍, അക്കാഡമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവര്‍ നല്കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
നേരത്തേ, ഇക്കാര്യം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനെയും അംഗങ്ങളെയും നോമിനേറ്റ് ചെയ്യേണ്ടത് ചാന്‍സലറാണെന്നും നിയമനം നടത്താനാണ് സിന്‍ഡിക്കറ്റിന് ചുമതലയുള്ളതെന്നും അപ്പീലില്‍ ഗവര്‍ണര്‍ വിശദീകരണം നല്‍കിയിരുന്നു. ഇതു കണക്കിലെടുത്ത ഡിവിഷന് ബെഞ്ച് ഈ നിയമനങ്ങള്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പ്രഥമദൃഷ്ട്യാ വിരുദ്ധമെന്ന് അഭിപ്രായപ്പെട്ടിരുന്നു.