ഓഫീസ് യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ ചികിത്സാ അവധിക്ക് അര്‍ഹതയുണ്ട്: ഹൈക്കോടതി
Tuesday, November 30, 2021 12:34 AM IST
കൊച്ചി: ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപകടമുണ്ടായാല്‍ അവര്‍ക്ക് ചികിത്സയ്ക്കായി പ്രത്യേക അവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ഷൈലജ കെ. ഉണ്ണിത്താന് പ്രത്യേക അവധിക്ക് അര്‍ഹതയുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരിക്ക് പ്രത്യേക അവധി നല്കാന് 2020 നവംബര്‍ 19 നു സിംഗിള്‍ബെഞ്ച് ഉത്തരവ് നല്കി.
എന്നാല്‍ സ്കൂളിലേക്കുള്ള യാത്രയെ തൊഴിലുമായി ബന്ധപ്പെടുത്താനാവില്ലെന്നും ആ നിലയ്ക്ക് കേരള സര്‍വീസ് ചട്ടത്തില്‍ പറയുന്ന സ്പെഷല്‍ ലീവ് നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഇതു തള്ളിയ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.
അപകടത്തിനിരയായ ജീവനക്കാരിക്ക് അവധി അനുവദിക്കുന്നതിന് ഇത്തരത്തില്‍ ഇടുങ്ങിയ വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു.