സഭയില്‍ സമാധാനത്തിന്റെ പുതുയുഗപ്പിറവി: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Monday, November 29, 2021 1:47 AM IST
കൊച്ചി: നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍ വന്നതോടെ സഭയില്‍ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നവീകരിച്ച കുര്‍ബാനക്രമവും ഏകീകൃത അര്‍പ്പണരീതിയും നിലവില്‍വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭയില്‍ ഐക്യവും സമാധാനവും ഉണ്ടാകണമെന്നതു ദൈവതീരുമാനമാണ്. വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ വലിയ ദാനമാണ്. പരിപൂര്‍ണ ഐക്യത്തിനായി കാത്തിരിക്കേണ്ടിവന്നാല്‍ അതിനും നാം തയാറാകണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.
കൂരിയ ചാന്‍സിലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, ലിറ്റര്‍ജി കമ്മീഷന് സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, കൂരിയായിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ലോകമെങ്ങുമുള്ള സഭയിലെ വിശ്വാസികള്‍ക്കായി ദിവ്യബലിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.