ആലപ്പുഴയിൽ അമ്മയും ആൺമക്കളും മരിച്ച നിലയിൽ
Monday, November 29, 2021 1:47 AM IST
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് വീടിനുള്ളിൽ അമ്മയെയും അവിവാഹിതരായ രണ്ട് ആൺമക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡ് കോർത്തുശേരി ബീച്ചിൽ കുന്നേൽ വീട്ടിൽ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി(57) മക്കളായ ലെനിൻ ജോസഫ് (അനിൽ 35), സുനിൽ ജോസഫ്(32) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെയാണു മരണവിവരം പുറംലോകം അറിയുന്നത്.
മക്കൾക്ക് വിഷം നൽകിയശേഷം ആനി തൂങ്ങി മരിച്ചുവെന്നാണു പ്രാഥമിക നിഗമനം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മണ്ണഞ്ചേരി പോലീസ് വീട്ടിനുള്ളിൽ കയറി മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ആനി കഴുക്കോലിൽ തൂങ്ങിയ നിലയിലും മക്കൾ കട്ടിലുകളിൽ മരിച്ച നിലയിലുമായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മത്സ്യത്തൊഴിലാളിയായിരുന്ന രഞ്ജിത് നാലുവർഷം മുന്പാണ് മരിച്ചത്. ലെനിനിന്റെയും സുനിലിന്റെയും അമിതമദ്യപാനവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് കൂട്ടആത്മഹത്യയിലേക്കു നയിച്ചതെന്നാണു സൂചന.
മദ്യം ഉള്ളിൽച്ചെന്നാൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്ന പ്രകൃതക്കാരായിരുന്നു സഹോദരങ്ങളെന്നു മണ്ണഞ്ചേരി പോലീസ് പറഞ്ഞു.