കാട്ടാനക്കലിയിൽ സ്വപ്നങ്ങൾ തകർന്ന ജയലക്ഷ്മി
Monday, November 29, 2021 12:34 AM IST
രാജകുമാരി: കാട്ടാന ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും തീരാവേദനയിൽ കഴിയുന്ന ഒട്ടേറെ പേരിൽ ഒരാളാണ് ശാന്തന്‍പാറ മൂലത്തുറ കോളനിയിലെ ജയലക്ഷ്മി(42). ശാന്തന്‍പാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലായി ഇപ്പോഴും തുടരുന്ന കാട്ടാന ആക്രമണങ്ങൾ മൂലം ജീവിതം പോലും തകർന്നു പോയവരുടെ നേർചിത്രം കൂടിയാണ് ജയലക്ഷ്മിയെന്ന വീട്ടമ്മ. 2010ലായിരുന്നു ജയലക്ഷ്മിക്കുനേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്.
പതിവുപോലെ ഏലത്തോട്ടത്തിൽ ജോലിക്കു പോകുന്നതിനിടെയായിരുന്നു ആക്രമണം. രാവിലെ എട്ടരയോടെ തോട്ടത്തിലൂടെ നടന്നു പോകുന്പോൾ പിന്നിൽനിന്ന് ആന ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ കഴിയാതെ പോയ ജയലക്ഷ്മിക്ക് ഗുരുതര പരിക്കേറ്റു. പുറത്തും നടുവിനും ചവിട്ടേറ്റ് അസ്ഥികൾ നുറുങ്ങി. ജീവൻ ബാക്കി വച്ച് കാട്ടാന മടങ്ങിയപ്പോൾ മറ്റ് തൊഴിലാളികൾ ചേർന്ന് ആദ്യം രാജകുമാരിയിലെയും പിന്നീട് തേനിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തേനിയിൽ നിന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലെത്തിച്ചു. ഇരുപത് ദിവസത്തോളം വിദഗ്ധ ചികിത്സ നടത്തി. ഇതിനിടെ അഞ്ച് ശസ്ത്രക്രിയകളും നടത്തി.
ഇപ്പോൾ എഴുന്നേറ്റ് നടക്കാനാവുമെങ്കിലും ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ ഇപ്പോഴും അലട്ടുന്നു. ആഴത്തിലേറ്റ മുറിവുകൾ തുന്നിച്ചേർത്ത് പാടുകൾ ഇപ്പോൾ ശരീരത്ത് കാണാം. ഒപ്പം ആനയുടെ കാൽനഖം ആഴ്ന്നിറങ്ങിയ പാടും ഭീതിയുടെ ഓർമയായി ജയലക്ഷ്മിയുടെ ദേഹത്തുണ്ട്. ചികിത്സയ്ക്കായി ഭൂമി വിറ്റും കടം വാങ്ങിയും എട്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.