കാട്ടാന ആക്രമണം: ദുരിതംപേറി പാലൻ
Monday, November 29, 2021 12:34 AM IST
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഗോത്രവൃദ്ധൻ ദുരിതത്തിൽ. നൂൽപ്പുഴ കാപ്പാട് പണിയകോളനിയിലെ പാലൻ(70)ആണ് ദുരിതത്തിൽ കഴിയുന്നത്.
മൂന്നു മാസങ്ങൾക്ക് മുമ്പാണ് പാലന് അപകടം ഉണ്ടായത്. കോളനിയോട് ചേർന്ന വനത്തിൽ വിറക് ശേഖരിക്കാൻ പോയ പാലനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ മുന്നിൽപ്പെട്ട പാലനെ കാട്ടാന തട്ടിത്തെറിപ്പിച്ചു.
ആക്രമണത്തിൽ പാലന്റെ ഇടതുകാലിന്റെ പാദത്തിനും വലതുകൈയ്ക്കും ഗുരുതരമായ പൊട്ടലുകൾ സംഭവിച്ചു. തുടർന്നു ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ കഴിഞ്ഞ മൂന്നു മാസം ചികിത്സയിലായിരുന്നു. പാലൻ കഴിഞ്ഞയാഴ്ചയാണ് കോളനിയിലെ വീട്ടിൽ തിരിച്ചെത്തിയത്. കാലിന്റെയും കൈയുടെയും പൊട്ടൽ പൂർണമായും ഭേദമായിട്ടില്ലാത്ത പാലന് സ്വന്തമായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.