പ്ലസ് ടു വിദ്യാർഥിനി വീട്ടുകാരറിയാതെ യു ട്യൂബ് നോക്കി പ്രസവിച്ചു
Thursday, October 28, 2021 12:59 AM IST
കോട്ടക്കൽ: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയായതിനെത്തുടർന്നു വീട്ടുകാരറിയാതെ വീട്ടിലെ മുറിയിൽ യുട്യൂബ് നോക്കി പ്രസവിച്ചു. വിവരമറിഞ്ഞ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരാതിയിൽ യുവാവിനെ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി ദിവസങ്ങൾക്കു മുമ്പാണ് വീട്ടിലെ മുറിയിൽ ആരുമറിയാതെ പെണ്‍കുഞ്ഞിനു ജൻമം നൽകിയത്. ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽനിന്നു മറച്ചുവച്ച പെണ്‍കുട്ടി യു ട്യൂബ് നോക്കി മനസിലാക്കിയാണ് മുറിയിൽ പ്രസവിച്ചത്. ഗർഭിണിയായതിനുശേഷം പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിൽ ഒറ്റയ്ക്കു പോയി പരിശോധന നടത്തിയിരുന്നു.
പ്രസവിക്കുന്ന രീതിയും പൊക്കിൾകൊടി മുറിക്കുന്നതുമെല്ലാം ഓണ്‍ലൈനിൽ നോക്കി മനസിലാക്കിയായിരുന്നു പ്രസവം.
മൂന്നു ദിവസത്തിനു ശേഷം വീട്ടുകാർ പെണ്‍കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം ആരോഗ്യപ്രവർത്തകർ അറിഞ്ഞത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണ്. ഇരുപത്തിയൊന്നുകാരൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ വിവരശേഖരണത്തിൽ മനസിലായത്.
യുവാവും പെണ്‍കുട്ടിയും തമ്മിൽ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ ആലോചിക്കുകയും ചെയ്തിരുന്നു.