കോവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിഷമെന്ന് പ്രചരിപ്പിക്കുന്ന ഐഎംഎയ്ക്കെതിരേ നടപടിയെടുക്കണം: ഹോമിയോ ഡോക്ടർമാർ
Wednesday, October 27, 2021 12:15 AM IST
കണ്ണൂർ: സർക്കാർ പദ്ധതിയനുസരിച്ച് സ്കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി നൽകുന്ന പ്രതിരോധമരുന്ന് വിഷമാണെന്ന രീതിയിൽ തെറ്റായ പ്രചാരണം നടത്തുന്ന അലോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഐഎംഎക്കെതിരേ നടപടിയെടുക്കണമെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്സ് അസോസിയേഷൻ (ക്യുഫ) ആവശ്യപ്പെട്ടു. എന്നാൽ, ഐഎംഎയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്യുഫ ഭാരവാഹികൾ പറഞ്ഞു.
ആർസനിക്കം ആൽബം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കുട്ടികൾക്കു കൊടുക്കരുതെന്നും പ്രചരിപ്പിക്കുന്ന ഐഎംഎ വ്യാപകമായി ഉപയോഗിക്കുന്ന പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഭൂരിപക്ഷം അലോപ്പതി മരുന്നുകളുടെയും പാർശ്വഫലങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്.
ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കുന്നതിനാലാണ് പല അലോപ്പതി മരുന്നുകളും കേന്ദ്രസർക്കാർ ഇടയ്ക്കിടെ നിരോധിക്കുന്നുവെന്നതും മറച്ചുവച്ചാണ് ഇവർ ഹോമിയോ മരുന്നുകളെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നത്.
കോവിഡ് പ്രതിരോധത്തിന് കുട്ടികൾക്ക് ആർസനിക്കം ആൽബമല്ല, ആർസനിക്കം ആൽബം-30 എന്ന മരുന്നാണ് ഹോമിയോപ്പതിയിൽ നൽകുന്നത്. എന്നാൽ ഐഎംഎ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ഇതു രണ്ടും രണ്ടാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പദ്ധതി അട്ടിമറിക്കാനും ശ്രമിക്കുന്ന ഐഎംഎയ്ക്കെതിരേ കർശന നിയമനടപടികൾ കൈക്കൊള്ളണമെന്നും ക്യുഫ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. അശ്വിൻ, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ആഷിഖ്, മുൻ സംസ്ഥാന സെക്രട്ടറി ഡോ. സുഭാഷ്, കണ്ണൂർ ചാപ്റ്റർ സെക്രട്ടറി ഡോ. ബിന്ദു ജയൻ, എക്സി.കമ്മിറ്റി അംഗം ഡോ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു.