പനമരം ഇരട്ടക്കൊലപാതകം: പ്രതി അറസ്റ്റിൽ
Saturday, September 18, 2021 12:48 AM IST
മാനന്തവാടി: നാടിനെ നടുക്കിയ പനമരം നെല്ലിയമ്പത്തെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. പ്രദേശവാസിയായ നെല്ലിയമ്പം കുറുമകോളനി കായക്കുന്ന് അർജുൻ(24) ആണ് അറസ്റ്റിലായത്. മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ അന്വേഷണസംഘം പിടികൂടിയത്.
ജൂലൈ 10 നാണ് താഴെ നെല്ലിയമ്പം വാടോത്ത് പത്മാലയത്തിൽ കേശവൻ നായരും(75) ഭാര്യ പത്മാവതിയും(70) അക്രമിയുടെ വെട്ടേറ്റു മരിച്ചത്. അർജുൻ മോഷണത്തിനായി കയറിയതാണെന്നും മോഷണശ്രമത്തിനിടെ കേശവൻ നായരും ഭാര്യ പത്മാവതിയും പ്രതിയായ അർജുനനെ തിരിച്ചറിഞ്ഞതോടെ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ പറഞ്ഞു.
പ്രദേശത്തുള്ളതും അല്ലാത്തവരുമായ നിരവധിപ്പേരെ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യംചയ്തിരുന്നു. ഇതിനിടെയാണ് പരിസരവാസിയായ അർജുനെയും ചോദ്യം ചെയ്തത്. മൊഴി പരിശോധിച്ചതിൽ വൈരുധ്യം കാണപ്പെട്ടതിനെത്തുടർന്ന് വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോൾ ഡിവൈഎസ്പി ഓഫീസിൽ നിന്നും ഇറങ്ങിയോടി. കൈയിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇവിടെനിന്നും ഡിസ്ചാർജ് ചെയ്തശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.