ഐഎസ്ആർഒ ഗൂഢാലോചനക്കേസ്; സിബിഐ എഫ്ഐആർ സമർപ്പിച്ചു
Friday, June 25, 2021 1:16 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണു സിബിഐ ഡൽഹി യൂണിറ്റ് എഫ്ഐആർ സമർപ്പിച്ചത്. കേരള പോലീസിലെയും ഐബിയിലെയും മുൻ ഉദ്യോഗസ്ഥർ അടക്കം 18 പേരാണ് പ്രതികൾ.
മുൻ ഡിജിപി സിബി മാത്യൂസ് നാലാം പ്രതിയും ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ ഏഴാം പ്രതിയും ഐബി മുൻ ജോയിന്റ് ഡയറക്ടർ മാത്യു ജോണ് പതിമൂന്നാം പ്രതിയുമാണ്. പേട്ട മുൻ സിഐ എസ്.വിജയനാണ് ഒന്നാം പ്രതി. പേട്ട മുൻ എസ്ഐ തന്പി. എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും തിരുവനന്തപുരം മുൻ സിറ്റി പോലീസ് കമ്മീഷണർ വി.ആർ. രാജീവൻ മൂന്നാം പ്രതിയുമാണ്. കെ.കെ.ജോഷ്വ, രവീന്ദ്രൻ, സി.ആർ.ആർ. നായർ, ജി.എസ്.നായർ, കെ.വി. തോമസ്, ജയപ്രകാശ്, മുൻ ഐജി ബാബുരാജ്, ജോണ് പുന്നൻ, ബേബി, യോഗേഷ്, ഡൽഹിയിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥരായ ദിനകർ, വി.കെ. മെയ്നി എന്നിവരാണ് മറ്റു പ്രതികൾ. ഇവരിൽ വി.ആർ. രാജീവൻ, മുൻ ഐബി ഉദ്യോഗസ്ഥൻ ബേബി എന്നിവർ ജീവിച്ചിരിപ്പില്ല. ഡിവൈഎസ്പി സന്തോഷ് തുകറാൻ ഓണ്ലൈൻ മുഖേനയാണ് സിജിഐം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.
ചാരക്കേസിൽ നന്പി നാരായണനെ ഉൾപ്പെടെ പ്രതിയാക്കിയതിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സിബിഐ കഴിഞ്ഞമാസം കേസ് രജിസ്റ്റർ ചെയ്തു.
ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്തിൽ നന്പി നാരായണനെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നന്പി നരായണൻ സുപ്രീംകോടതിയിൽ സ്വകാര്യ ഹർജി നൽകുകയായി രുന്നു. സുപ്രീംകോടതി തന്നെ മുൻ ജഡ്ജി ആയിരുന്ന ഡി.കെ. ജയിനെ അധ്യക്ഷനാക്കി കമ്മിറ്റി രൂപീകരിച്ചു.
ഈ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച കോടതി ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കാൻ സിബിഐക്ക് നിർദേശം നൽകുകയായിരുന്നു.