കോവിഡ് മരണം: ഇഎസ്ഐ ആശ്വാസപദ്ധതി
Saturday, June 19, 2021 12:34 AM IST
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതർക്ക് ആനുകൂല്യവുമായി ഇഎസ്ഐ കോർപറേഷൻ ആശ്വാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അതനുസരിച്ച് 1948ലെ ഇഎസ്ഐ നിയമ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിത കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴിലാളിയുടെ വേതനത്തിന്റെ 90 ശതമാനം വരെയുള്ള തുക ആശ്രിത കുടുംബങ്ങൾക്ക് നിശ്ചിത അനുപാതത്തിൽ വിഭജിച്ച് എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതു പ്രകാരം കുറഞ്ഞ ആനുകൂല്യം പ്രതിമാസം 1,800 രൂപയായിരിക്കും.
മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യക്കോ ഭർത്താവിനോ വർഷത്തിൽ 120 രൂപ അടച്ചാൽ ഇഎസ്ഐ ചികിത്സാ ആനുകൂല്യം ലഭിക്കും. 2020 മാർച്ച് 24 മുതൽ മുൻകാല പ്രാബല്യത്തോടെ രണ്ടു വർഷത്തേക്കാണു പദ്ധതി നടപ്പാക്കുക.