മരംമുറി വിവാദം: : കർഷകരുടെ പ്രശ്നങ്ങളിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
Tuesday, June 15, 2021 12:43 AM IST
തിരുവനന്തപുരം: മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികൾ കൈക്കൊള്ളുന്പോഴും കൃഷിക്കാരുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, മരംമുറിയിലേക്കു നയിച്ച സംഭവങ്ങളിൽ മന്ത്രിതലത്തിലെ നടപടികളെ മുഖ്യമന്ത്രി ന്യായീകരിച്ചു.
പട്ടയം കൊടുത്ത ഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും താനേ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കാൻ അനുമതി വേണമെന്നു കർഷകർ ആവശ്യപ്പെട്ടു വരികയായിരുന്നു. ഇടുക്കിയിൽ നിന്നായിരുന്നു ഈ ആവശ്യം ഏറ്റവും ശക്തമായി ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ നടന്നിരുന്നു. 2017ൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വന്നത്.
നട്ടുവളർത്തിയ മരങ്ങൾ മുറിക്കാമെന്നും രാജഗണത്തിൽ പെട്ട മരങ്ങൾ മുറിക്കാൻ അനുമതി വാങ്ങണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ, ഇതു നടപ്പിലാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉയർന്നു വന്നപ്പോഴാണ് സ്പഷ്ടീകരണം എന്ന നിലയിൽ സർക്കുലർ ഉറക്കിയത്. അതിൽ പോരായ്മകളുണ്ടെന്നു നിയമവകുപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ പിൻവലിക്കുകയായിരുന്നു.
സദുദ്ദേശ്യത്തോടെ ഇറക്കിയ ഉത്തരവ് ചിലർ തെറ്റായി ഉപയോഗിച്ചു. അവർക്കെതിരേ കർശന നടപടിയുണ്ടാകും. നിലവിൽ കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ആലോചിച്ചു തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.