ജനതാ പാര്‍ട്ടികളുടെ ലയനം: ജെഡിഎസില്‍ അതൃപ്തി
Tuesday, May 11, 2021 12:40 AM IST
കോഴിക്കോട്: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ജനതാ പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ആശങ്ക. നേരത്തേ ലയനത്തിന് അനുകൂല നിലപാട് സ്വീകരിച്ച ജനതാദള്‍ -എസ് (ജെഡിഎസ്)ഇപ്പോള്‍ ലയനം വേണ്ടെന്ന നിലപാടിലാണ്.
തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ലയനത്തിനെതിരേ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ലോക് താന്ത്രിക് ജനതാദളു (എല്‍ജെഡി) മായി പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ജെഡിഎസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം.
തെരഞ്ഞെടുപ്പിനു മുന്‍പ് ലയിക്കണമെന്ന സിപിഎം നിര്‍ദേശം പോലും അവഗണിച്ചാണ് എല്‍ജെഡി മത്സരരംഗത്തിറങ്ങിയത്. നിലവില്‍ മുന്നണിയുടെ ഭാഗമായ എല്ജെഡിയേക്കാള് സീറ്റുകള്‍ ജെഡിഎസിനാണുള്ളത്. എല്‍ജെഡിക്ക് ഒരു എംഎല്‍എ മാത്രമാണുള്ളത്. അതിനാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ ജെഡിഎസിന് മുന്‍ഗണന ലഭിക്കും. രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്ന് ഒരു മന്ത്രിസ്ഥാനമെന്നത് ഉറപ്പാണ്. ഇരുപാര്‍ട്ടികളും ലയിച്ചാലും ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജെഡിഎസിനാണ് മുന്‍തൂക്കം.അതിനാല്‍ ലയനം നടപ്പാക്കിയാലും ഇല്ലെങ്കിലും ജെഡിഎസിന് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല.
തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ വടകര നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം എല്‍ജെഡിക്ക് മാത്രമാണെന്നും ജെഡിഎസ് ആരോപിക്കുന്നുണ്ട്. കല്‍പ്പറ്റയിലും വാശിപിടിച്ചു മത്സരിച്ച ശേഷം പരാജയപ്പെട്ടതും എല്‍ജെഡിയുടെ മന്ത്രിസ്ഥാനത്തിനു മങ്ങലേല്‍പ്പിക്കുന്നതാണ്.
ദേശീയതലത്തിൽ ഇരുപാർട്ടികൾക്കും വ്യത്യസ്ത നേതൃത്വമുള്ളതും ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ-എസ് എൻഡിഎയോട് ഐക്യപ്പെട്ട് നിൽക്കുന്നതുമെല്ലാമാണ് ഐക്യത്തിനുള്ള മറ്റു തടസങ്ങൾ.