മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്സിന് ലഭ്യമാക്കണം: ഐഎന്‍എസ്
Monday, May 10, 2021 1:37 AM IST
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രയും പെട്ടെന്ന് വാക്സിന് ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള) സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത് ഞെട്ടിക്കുന്ന സംഭവമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്കാളിത്തത്തെപ്പറ്റി ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും ബോധ്യമുള്ളതാണ്. വസ്തുനിഷ്ഠമായ വാര്‍ത്തകളും വിവരങ്ങളും ദൃശ്യങ്ങളും കൃത്യസമയത്ത് ജനങ്ങളിലേക്കെത്തിക്കാൻ അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നവരാണ് കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും മാധ്യമ പ്രവര്‍ത്തകര്‍. ഇവരെ മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും വാക്സിന് വിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്നുമുള്ള ആവശ്യം പല കോണുകളില്‍ നിന്നുയര്‍ന്നിരുന്നു.
പ്രായഭേദമെന്യേ കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും കോവിഡ മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ഇനിയും വാക്സിന് ലഭിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം വാക്സിന് സൗജന്യമായി ലഭ്യമാക്കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്മാന് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു.