അവശ്യം വേണ്ട ഓഫീസുകൾ പ്രവർത്തിച്ചാൽ മതി: മുഖ്യമന്ത്രി
Wednesday, May 5, 2021 1:38 AM IST
തിരുവനന്തപുരം: അവശ്യം വേണ്ട സർക്കാർ ഓഫീസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ വോളണ്ടിയർമാരെ നിയോഗിക്കും. ആവശ്യമെങ്കിൽ പോലീസ് സഹായം ഉറപ്പാക്കാനും ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.
വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്കു ഫോണ്‍ ഇൻ കണ്സൾട്ടേഷൻ നൽകമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓണ്‍ലൈൻ കണ്സൾട്ടേഷൻ നടത്താൻ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിക്കും.
ഒരു രോഗിക്ക് ഒരു തവണ ബന്ധപ്പെട്ട ഡോക്ടർമാരെത്തന്നെ ബന്ധപ്പടാനാകുന്ന രീതിയിൽ ടെലിമെഡിസിൻ മാറ്റണം. ഇക്കാര്യത്തിൽ സ്വകാര്യ ഡോക്ടർമാരും സംഘടനകളും പങ്കാളിത്തം വഹിക്കണം.
കെടിഡിസി ഉൾപ്പെടെയുള്ള ഹോട്ടലുകൾ, സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ എന്നിവയെല്ലാം ബെഡ്ഡുകൾ വർധിപ്പിക്കാൻ ഉപയോഗിക്കാമെന്ന് ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ധാരണായി. അവശ്യസാധനങ്ങൾ ഓണ്‍ലൈനായി വിതരണം ചെയ്യാൻ സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടികോർപ്, കണ്‍സ്യൂമർ ഫെഡ് എന്നിവർ ശ്രദ്ധിക്കണം.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിൻ നൽകും. മൃഗചികിത്സകർക്കു വാക്സിൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.