പോസ്റ്റൽ ബാലറ്റ്: വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ലെന്നു ചെന്നിത്തല
Tuesday, April 20, 2021 12:02 AM IST
തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥികൾക്ക് നൽകുന്നില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വോട്ടർ പട്ടിക സ്ഥാനാർഥികൾക്കു നൽകേണ്ടത് പ്രാഥമികമായ കടമയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കത്തുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
ആർക്കൊക്കെയാണ് പോസ്റ്റൽ ബാല്റ്റ് നൽകിയത്. ആരാണ് അതിന് അർഹരായിരുന്നത് ഈ വിവരങ്ങൾ കമ്മീഷൻ സ്ഥാനാർഥികൾക്ക് നൽകേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അത് നൽകിയിട്ടില്ല.
കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു രണ്ടു കത്തുകൾ നൽകിയിട്ടും ഫലമുണ്ടായില്ല. വോട്ടർ പട്ടികയുടെ ഭാഗം തന്നെയാണ് തപാൽ വോട്ടും. അത് കൊണ്ട് പോസ്റ്റൽ വോട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥാനാർഥികൾക്ക് നൽകേണ്ടത് അനിവാര്യമാണ്.