കെ.എം. ഷാജി ബിനാമി പണമിടപാട് നടത്തുന്നയാളെന്ന് സിപിഎം
Wednesday, April 14, 2021 12:49 AM IST
കണ്ണൂർ: അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നു കണ്ടെത്തിയ കള്ളപ്പണം ആരോ ഏല്‍പ്പിച്ച പണമാണെന്ന കെ.എം. ഷാജിയുടെ പ്രതികരണം ബിനാമി പണമിടപാട് നടത്തുന്നയാളാണു ഷാജിയെന്നു വ്യക്തമാക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
നിലവിലുള്ള വ്യവസ്ഥ പ്രകാരം രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ ഒരാളുടെ കൈവശം വയ്ക്കാന്‍ പാടില്ല. രേഖകള്‍ ഹാജരാക്കിയാലോ സ്രോതസുകള്‍ വ്യക്തമാക്കിയാലോ അരക്കോടി ഷാജിക്ക് തിരികെ കൊടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഏറ്റവും കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയ ആളാണ് ഷാജി. വിദേശത്തും നാട്ടിലുമുള്ള ഷാജിയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പത്രസമ്മേളനത്തിൽ ജയരാജൻ ആവശ്യപ്പെട്ടു.
ഷാജിയുടെ വീട്ടില്‍നിന്നു റെയ്ഡിലൂടെയാണ് ഈ കള്ളപ്പണം കണ്ടെത്തിയത്. എന്നിട്ടും ലീഗ് നേതൃത്വം മൗനത്തിലാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയായ 38 ലക്ഷം രൂപയുടെ എത്രയോ ഇരട്ടി തുക ഷാജി ചെലവഴിച്ചിട്ടുണ്ട്. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചത് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നിര്‍ദേശമനുസരിച്ചാണ്.
രണ്ടു വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് ലീഗ് നേതാവ്. യാതൊന്നും ഇപ്പോള്‍ ഷാജിക്കോ യുഡിഎഫിനോ പറയാന്‍ കഴിയില്ല. എന്തിനും ഏതിനും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്ന ലീഗിനും കോണ്‍ഗ്രസിനും ഷാജിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള ഇഡി അന്വേഷണം പുനഃസ്ഥാപിക്കണമെന്ന് പറയാന്‍ തന്റേടമുണ്ടോയെ ന്നും ജയരാജൻ ചോദിച്ചു.