ശബരിമലയിൽ ബാലികമാരുടെ രജിസ്ട്രേഷന്: വിശദീകരണം തേടി
Wednesday, April 14, 2021 12:49 AM IST
കൊച്ചി: ശബരിമലയില്‍ പത്തുവയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ആചാരപ്രകാരം ദര്‍ശനം നടത്താമെങ്കിലും വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്ട്രേഷന് അനുവദിക്കുന്നില്ലെന്നാരോപിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. വൈക്കം കാട്ടിക്കുന്ന് സ്വദേശിനിയായ ഒമ്പതു വയസുകാരി നന്ദിത രാജ്, അച്ഛൻ അബിരാജ് മുഖേന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടിയത്.
ഹര്‍ജിക്കാരിയുടെ മാതാപിതാക്കള്‍ അയ്യപ്പഭക്തരാണെന്നും ഇവരുടെ നേര്‍ച്ചയനുസരിച്ചാണു ശബരിമല ദര്‍ശനത്തിനു വെര്‍ച്വല്‍ ക്യൂവില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
10നും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നാണ് ആചാരം. ക്യൂവില്‍ അമ്പതു പിന്നിട്ടവരുടെ പേരു രജിസ്റ്റര്‍ ചെയ്യാനും കഴിയുന്നില്ല. ഈ മാസം 17നു ദര്‍ശനം നടത്താന്‍ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ വെര്‍ച്വല്‍ ക്യൂവില്‍ പേരു രജിസ്റ്റര്‍ ചെയ്തെങ്കിലും തന്റെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെന്നു ഹര്‍ജിക്കാരി പറയുന്നു. ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് കെ. ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.