ബാങ്ക് മാനേജരുടെ ആത്മഹത്യ : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
Monday, April 12, 2021 2:00 AM IST
തിരുവനന്തപുരം: ബാങ്കുകൾ അടിച്ചേൽപ്പിക്കുന്ന സമ്മർദങ്ങളുടെ ഫലമായി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെകുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കാനറാ ബാങ്കിന്റെ കൂത്തുപറന്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂർ മണ്ണുത്തി സ്വദേശിനിയുമായ കെ.എസ്. സ്വപ്നയുടെ ആത്മഹത്യക്കു കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മർദമാണെന്ന പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ജുഡീഷൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണം. കാനറാ ബാങ്ക് റീജണൽ മാനേജറും റിപ്പോർട്ട് നൽകണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാർ അനുഭവിക്കേണ്ടി വരുന്ന സമ്മർദത്തെക്കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി(എസ്എൽബിസി) കണ്വീനർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ബാങ്കുകൾ ജീവനക്കാരുടെ മേൽ ഏൽപ്പിക്കുന്ന അമിത സമ്മർദത്തിനെതിരെ കൽപ്പറ്റയിൽ അഭിഭാഷകനായ എ.ജെ. ആന്റണിയും കമ്മീഷനു പരാതി നൽകിയിരുന്നു.
ജീവനക്കാരെ വൻതോതിൽ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മർദത്തിലാക്കി ബാങ്കുകൾ ലാഭം കൊയ്യുന്നതെന്നാണ് പരാതി. മൂന്നു മാസം മുന്പ് ഗുരുവായൂരിലും എട്ടുമാസം മുന്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാർ ജീവനൊടുക്കിയിരുന്നു. നിക്ഷേപം, വായപ, ഇൻഷ്വറൻസ്, മെഡിക്കൽ ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട്, ഫാസ്് ടാഗ് തുടങ്ങി വിവിധ ടാർഗറ്റുകൾ കൈവരിക്കാനാണ് ബാങ്കുകൾ ജീവനക്കാരെ സമ്മർദത്തിലാക്കുന്നത്.