മൻസൂർ വധക്കേസ് പ്രതിയുടെ ആത്മഹത്യ: അന്വേഷിക്കണമെന്നു മുല്ലപ്പള്ളി
Monday, April 12, 2021 1:26 AM IST
തിരുവനന്തപുരം: മൻസൂർ വധക്കേസിലെ രണ്ടാംപ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെ ന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് അറിയാൻ കഴിഞ്ഞു. മൻസൂർ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ടിരിക്കുന്നു. സിപിഎം ആയുധമെടുത്ത് അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കില്ലെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടണം. മന്ത്രി ജലീൽ ബന്ധുനിയമന വിവാദത്തിൽ കുറ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിട്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാതെ കുറ്റകരമായ അനാസ്ഥയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.