മന്ത്രി ജലീനെതിരേയുള്ള ലോകായുക്ത ഉത്തരവ്: നിയമവശം പരിശോധിച്ച ശേഷം തുടർ നടപടിയെന്ന്
Friday, April 9, 2021 11:49 PM IST
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്ന ലോകായുക്ത ഉത്തരവ് പരിശോധിച്ച ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ചു തുടർ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം. ഹൈക്കോടതിയും കേരളത്തിന്റെ മുൻ ഗവർണറും തള്ളിയ പരാതിയിലാണ് ലോകായുക്ത ഇപ്പോൾ ഉത്തരവു പുറപ്പെടുവിച്ചതെന്നും ഇക്കാര്യത്തിൽ നിയമവശം പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
ലോകായുക്ത ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും മുഖ്യമന്ത്രിയും മന്ത്രിക്കെതിരേയുള്ള നടപടി സ്വീകരിക്കുക. ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നല്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കോവിഡ് ബാധയെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി, ലോകായുക്ത ഉത്തരവുമായി ബന്ധപ്പെട്ടു ഫോണിൽ ചർച്ച നടത്തിയതായാണു വിവരം.