കോടിയേരി മാപ്പു പറയണം: ചെന്നിത്തല
Sunday, March 7, 2021 12:49 AM IST
തിരുവനന്തപുരം: ഭാര്യയുടെ കൈയിൽ ഫോണിരിക്കെ ലൈഫ് പദ്ധതി കോഴക്കേസ് പ്രതി ഐ ഫോണ് പ്രതിപക്ഷ നേതാവിനാണ് സമ്മാനിച്ചതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭാര്യയുടെ കൈയിൽ ഫോണ് ഇരിക്കെ അത് പ്രതിപക്ഷ നേതാവിനാണ് കിട്ടിയതെന്നു പച്ചക്കള്ളം പറയാൻ നാണമില്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണ് അന്ന് കോടിയേരി പറഞ്ഞത്. ഇപ്പോൾ കൊല്ലത്തു മാത്രമല്ല തിരുവനന്തപുരത്തും ബംഗളൂരും എല്ലാം കിട്ടിയല്ലോ? സത്യം എപ്പോഴായാലും പുറത്തു വരിക തന്നെ ചെയ്യുമെന്ന് രമേശ് പറഞ്ഞു.
കോടിയേരി അന്ന് കള്ളം പറഞ്ഞെന്ന് മാത്രമല്ല സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ ഇതിന്റെ പേരിൽ തന്നെ ഹീനമായി ആക്രമിക്കുകയും ചെയ്തു. സ്വന്തം ഭാര്യയാണ് ഈ ഫോണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മാന്യതയുടെ കണികയെങ്കിലും അവശേഷിക്കുന്നണ്ടെങ്കിൽ കോടിയേരി തന്റെ തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് മാപ്പ് പറയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.