തല മുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ
Sunday, February 28, 2021 12:52 AM IST
പാലക്കാട്: കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാളയാർ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. ഇന്നലെ രാവിലെ പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിലായിരുന്നു തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധസമരം.
14 ജില്ലകളിലും സർക്കാരിന്റെ നീതിനിഷേധത്തിനെതിരേ പ്രചാരണം നടത്തുമെന്ന് അവർ അറിയിച്ചു. വാളയാർ കേസ് അട്ടിമറിച്ചെന്ന് ആരോപിക്കപ്പെടുന്ന ഡിവൈഎസ്പി സോജൻ, എസ്ഐ ചാക്കോ എന്നിവർക്കെതിരേ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് നടപടി സ്വീകരിക്കാത്തപക്ഷം തല മുണ്ഡനം ചെയ്യുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ തല മുണ്ഡനം ചെയ്തത്.
വാളയാർ പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആർഎം നേതാവ് സെലീന പ്രക്കാനം, സാമൂഹിക പ്രവർത്തകയും കവയിത്രിയുമായ ബിന്ദു കമലൻ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവർക്കു പിന്തുണയുമായി രമ്യ ഹരിദാസ് എംപി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എന്നിവരും എത്തിയിരുന്നു.
ഇളയ പെണ്‍കുട്ടിയുടെ നാലാം ചരമ വാർഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്തു തല മൊട്ടയടിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.