ജെഡിഎസിന് അങ്കമാലി നഷ്ടമാകും ; സീറ്റ് വിട്ടു നല്‍കണമെന്ന് സിപിഎം
Sunday, February 28, 2021 12:52 AM IST
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് ജനതാദൾ എസിന് നഷ്ടമാവും. സിപിഎം നേതൃത്വവുമായി വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ അഞ്ചു സീറ്റുകള്‍ ഇത്തവണയും അനുവദിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം സമ്മതിച്ചിട്ടില്ല.
മുന്നണിയിലേക്കു കൂടുതല്‍ പാര്‍ട്ടികള്‍ എത്തിയ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീറ്റ് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ചത്. ഇതില്‍ കോവളത്തും അങ്കമാലിയിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ സീറ്റ് വിട്ടുവീഴ്ചയില്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചില്ലെങ്കില്‍ അങ്കമാലി വിട്ടുനല്‍കാനാണ് ജെഡിഎസ് ആലോചിക്കുന്നത്. ഈ സീറ്റ് കേരള കോൺഗ്രസ് -എം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി യുഡിഎഫ് ജയിച്ചിരുന്ന സീറ്റ് ജോസ് കെ. തെറ്റയില്‍ മത്സരിച്ചതോടെയാണ് എല്‍ഡിഎഫിന് ലഭിച്ചത്.
കഴിഞ്ഞ തവണ ജോസ് തെറ്റയില്‍ മത്സരരംഗത്തുനിന്നു വിട്ടു നിന്നപ്പോള്‍ സീറ്റ് വീണ്ടും നഷ്ടമായി. ഇപ്പോള്‍ ജോസ് തെറ്റയിലിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിന്റെ പൊതു വികാരം. അങ്കമാലി വിട്ടുകൊടുക്കേണ്ടി വന്നാല്‍ ജോസ് തെറ്റയില്‍ മത്സര രംഗത്തുണ്ടാവില്ല.
മറ്റുള്ള മണ്ഡലങ്ങളെല്ലാം വിജയസാധ്യതയുള്ളതാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി.
അതേസമയം വടകര സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം സിപിഎം സ്വീകരിച്ചിട്ടില്ല. വടകര വിട്ടുനല്‍കാനാവില്ലെന്ന് ഇന്നലെ നടന്ന ചര്‍ച്ചയിലും ജെഡിഎസ് അറിയിച്ചിട്ടുണ്ട്. മാത്യു ടി. തോമസ് തിരുവല്ലയിലും കെ. കൃഷ്ണന്‍കുട്ടി ചിറ്റൂരിലും കെ. ലോഹ്യ വടകരയിലും നീലലോഹിതദാസൻ നാടാര്‍ കോവളത്തും മത്സരിക്കാനാണ് സാധ്യത.