യുവതിയെ തട്ടിക്കൊണ്ടുപോകൽ: അഞ്ചുപേർ പിടിയിൽ
Saturday, February 27, 2021 12:41 AM IST
മാന്നാർ: യുവതിയെ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മുഖ്യപ്രതിയടക്കം അഞ്ചുപേരെ പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35), തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്ക്കമാലി സുബിൻ കൊച്ചുമോൻ (38), പരവുർ മന്നം കാഞ്ഞിരപറന്പിൽ അൻഷാദ് ഹമീദ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പോലീസ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെയോടെയാണ് ഫഹദിനെ പോലീസ് പിടികൂടിയത്. ഇയാളെ മാന്നാറിൽ എത്തിച്ചു.
യുവതിയുടെ വീട്ടിലേക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ റാന്നി പറന്പിൽ പീറ്ററിനെ(44) പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സ്വർണക്കടത്തുമായി പീറ്ററിനു ബന്ധമില്ലെന്നാണ് പോലീസ് നല്കുന്ന വിവരം. സംഘത്തെ സഹായിക്കുക മാത്രമാണ് ഇയാൾ ചെയ്തതെന്നും പോലീസ് പറഞ്ഞു. ഇയാളിൽ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ദുബായിൽ നിന്നും കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയഭവനത്തിൽ ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് വാഹനത്തിൽ തട്ടിക്കൊണ്ടു പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിനു പിന്നാലെ പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു.പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.