കർദിനാൾ മാർ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം ഫെബ്രു.11ന്
Sunday, January 24, 2021 12:12 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച്ബിഷപ്പും സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർച്ച്ബിഷപ്പുമായിരുന്ന കർദിനാൾ മാർ ആന്റണി പടിയറയുടെ ജന്മശതാബ്ദി ആഘോഷം ഫെബ്രുവരി 11ന് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആഘോഷിക്കും. രാവിലെ 8.30ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന. കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുസ്മരണ സന്ദേശം നൽകും.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, ഉൗട്ടി ബിഷപ് ഡോ.അരുളപ്പ അമൽരാജ്, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ സഹകാർമികരായിരിക്കും.
10.30ന് മെത്രാപ്പോലീത്തൻ പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യപ്രഭാഷണം നടത്തും. ഉൗട്ടി ബിഷപ് റവ.ഡോ.അരുളപ്പ അമൽരാജ് അനുഗ്രഹ പ്രഭാഷണവും ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗത പ്രസംഗവും നടത്തും. കാഞ്ഞിരപ്പള്ളി മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ, ഡിജിപി ടോമിൻ ജെ.തച്ചൻകരി, മെത്രാപ്പോലീത്തൻപള്ളി വികാരി റവ.ഡോ.ജോസ് കൊച്ചുപറന്പിൽ, എഎസ്എംഐ മദർ പ്രൊവിൻഷ്യാൾ സിസ്റ്റർ മേഴ്സി എഎസ്എംഐ, സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം ജില്ലാ ജനറൽമാനേജർ ഫ്രാൻസിസ് ജോസഫ് പടിയറ എന്നിവർ പ്രസംഗിക്കും.