100 കോടി കാണാനില്ല ; കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടറെ സ്ഥലംമാറ്റി
Sunday, January 17, 2021 12:55 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിഭാഗത്തിൽ 100 കോടി രൂപ കാണാതായെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്കു മാറ്റി. ഭരണസമിതി അംഗമായ അഡീഷണൽ സെക്രട്ടറി എസ്. അനിൽകുമാറിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
2012-15 കാലഘട്ടത്തിൽ ശ്രീകുമാറിനായിരുന്നു കെഎസ്ആർടിസി അക്കൗണ്ടിംഗ് വിഭാഗത്തിന്റെ ചുമതല. കെഎസ്ആർടിസി എടുത്ത വായ്പയിൽ 350 കോടി രൂപ തിരികെ അടച്ചിട്ടില്ലെന്ന് ഏറെക്കാലമായി കെടിഡിഎഫ്സി പരാതിപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണം നടന്നത്.
സെൻട്രൽ സോണ് സർവീസ് ഓപ്പറേഷന്റെ പൂർണചുമതലയിൽ എറണാകുളം ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ വി.എം. താജുദ്ദീൻ സാഹിബ് തുടരും.
വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ, പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) എം. പ്രതാപദേവിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ (പെൻഷൻ ആൻഡ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.ഡി. സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ (അഡ്മിനിസ്ട്രേഷൻ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഉത്തരവിറക്കി.