യുഡിഎഫ് കരട് പ്രകടനപത്രിക ; പാവപ്പെട്ടവരുടെ അക്കൗണ്ടിൽ മാസം 6,000 വീതം
Thursday, January 14, 2021 12:44 AM IST
തിരുവനന്തപുരം: യുഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6,000 രൂപ വീതം നല്കുന്ന പദ്ധതിയായ ന്യായ് പദ്ധതി നടപ്പാക്കുമെന്നു കരട് പ്രകടന പത്രിക. ഇത്തരത്തിൽ പ്രതിവർഷം 72,000 രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കുന്ന പദ്ധതിയാകും നടപ്പാക്കുകയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കരട് പ്രകടനപത്രിക പ്രകാശനം ചെയ്തുകൊണ്ട് അറിയിച്ചു. കോണ്‍ഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എം പി മുന്നോട്ടുവച്ച പദ്ധതിയാണ് ന്യായ് പദ്ധതി.
നമ്മുടെ സംസ്ഥാനത്തുനിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ ഈ പദ്ധതിക്ക് കഴിയും. സംശുദ്ധം, സദ്ഭരണം എന്നിവയാണ് യുഡിഎഫ് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നത്. കൈത്താങ്ങ്, നിക്ഷേപം , തൊഴിൽ, കരുതൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ജനങ്ങളോട് കൂടിയാലോചിച്ചാവും പ്രകടന പത്രിക തയാറാക്കുക.
ജനങ്ങളുടെ കൂടുതൽ അഭിപ്രായങ്ങളും നിർദേശങ്ങളും [email protected], peoplesmanifesto2021 @gmail. com എന്ന ഇ-മെയിൽ ഐഡിയിൽ അറിയിക്കാം.
സാമുദായിക സൗഹാർദവും സമന്വയവുമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരുമ, നീതി, കരുതൽ, വികസനം, സദ്ഭരണം, സമാധാനജീവിതം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയാണ് മാനിഫെസ്റ്റോയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡോ. ശശി തരൂർ എം പിയെ പോലുള്ളവരുമായി കൂടിയാലോചിച്ചായിരിക്കും പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകുക എന്നും അദ്ദേഹം പറഞ്ഞു. മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാൻ ബെന്നി ബഹനാൻ, യു ഡി എഫ് കണ്‍വീനർ എം.എം. ഹസൻ, അംഗങ്ങളായ എം.കെ. മുനീർ , മോൻസ് ജോസഫ് , അനൂപ് ജേക്കബ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.