കെഎസ്എഫ്ഇയിലെ മിന്നൽ പരിശോധന: പിന്തുണച്ച് മുഖ്യമന്ത്രി
Tuesday, December 1, 2020 1:45 AM IST
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടത്തിയ വിജിലൻസ് പരിശോധനയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധന നടത്തിയത് നടപടിക്രമം പാലിച്ചാണെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, താനും ഐസക്കും ആനത്തലവട്ടം ആനന്ദനും തമ്മിൽ എന്തോ ഭിന്നതയുണ്ടെന്നു വരുത്തിത്തീർക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം മനസിൽ വച്ചാൽ മതിയെന്നും പറഞ്ഞു.
പണ്ടു മാധ്യമ സിൻഡിക്കറ്റുകാർ ചെയ്തിരുന്ന രീതിയിൽ മാധ്യമങ്ങൾ ഇപ്പോൾ വാർത്തകൾ നൽകിത്തുടങ്ങിയിരിക്കുകയാണ്. പോലീസ് നിയമ ഭേദഗതി പോലീസ് ഉപദേഷ്ടാവ് ചെയ്ത വിനയാണെന്നു താൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞതായാണു ചില മാധ്യമങ്ങൾ എഴുതിയത്. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. തെറ്റായ കാര്യം രമണ്‍ ശ്രീവാസ്തവ ചെയ്തു എന്നു വരുത്താനാണു ശ്രമം. ഇപ്പോൾ മിന്നൽ പരിശോധനയ്ക്കു പിന്നിലും രമണ്‍ ശ്രീവാസ്തവയാണെന്നാണു പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ ഈ വർഷം ഇതുവരെയായി വിജിലൻസ് വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 30 മിന്നൽ പരിശോധനകൾ നടത്തിയിട്ടുണ്ട്. അത് അവരുടെ നടപടിക്രമം പാലച്ചു കൊണ്ടാണ്. ശ്രീവാസ്തവയ്ക്ക് ഇതിൽ ഒരു പങ്കും ഇല്ല. ഇത്തരം കാര്യങ്ങളിൽ ഉപദേഷ്ടാവിന് ഒന്നും ചെയ്യാനില്ല. പോലീസിലോ ജയിൽ വകുപ്പിലോ ഫയർഫോഴ്സിലോ നേരിട്ട് ഇടപെടാനോ നിയന്ത്രിക്കാനോ ശ്രീവാസ്തവയ്ക്കു സാധിക്കില്ല.
ഇനി വിവാദത്തിനില്ല: ധനമന്ത്രി
തിരുവനന്തപുരം: കെഎഎഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഇനി വിവാദത്തിനില്ലെന്നു ധനമന്ത്രി തോമസ് ഐസക്. കെഎഎഫ്ഇയെപ്പറ്റി മാധ്യമങ്ങളില്‍ വന്ന പോരായ്മകള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ തിരുത്തും. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല.
എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ വിരട്ടാമെന്ന് കരുതേണ്ടെന്നും ഐസക് പറഞ്ഞു.