കോവിഡ്: മൃതദേഹം അടക്കംചെയ്യുന്നതിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
Wednesday, November 25, 2020 10:58 PM IST
തിരുവനന്തപുരം: കോവിഡ്19 ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം അടക്കം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം കാണാം. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകള്‍ നടത്താനുള്ള അനുമതിയും നല്കി.
കോവിഡ് രോഗി മരിച്ചാൽ ജീവനക്കാര്‍ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കില് ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാന്‍ അനുവദിക്കും.
പ്രതീകാത്മകമായരീതിയില്‍ മതപരമായ പുണ്യജലം തളിക്കാനും വെള്ള തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. അതേസമയം മൃതദേഹം യാതൊരു കാരണവശാലും സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യ ചുംബനം നല്‍കാനോ അനുവദിക്കില്ല.
മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കള്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ വച്ച് മൃതദേഹം കാണാന്‍ അനുവദിക്കും.
മോര്‍ച്ചറിയില്‍ വച്ചും ആവശ്യപ്പെടുന്നെങ്കില്‍ അടുത്ത ബന്ധുവിനെ കാണാന്‍ അനുവദിക്കും. സംസ്കാര സ്ഥലത്ത് മൃതദേഹം കൊണ്ടുവന്നാല്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കളെ കാണിക്കാവുന്നതാണ്. ഈ സമയത്ത് മതപരമായ പ്രാര്‍ഥനകള്‍ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരമുണ്ട്.
ദേഹത്ത് സ്പര്‍ശിക്കാതെയുള്ള അന്ത്യകര്‍മങ്ങള്‍ ചെയ്യാവുന്നതാണ്. പരമാവധി 20 പേര്‍ക്ക് സംസ്കാര ചടങ്ങില്‍ പങ്കെടുക്കാം. എല്ലാവരും രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. കൈകള്‍ വൃത്തിയാക്കുകയും വേണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, ശ്വാസകോശ രോഗം ഉള്‍പ്പെടെ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല.