പരീക്ഷാ ക്രമക്കേട്: സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി
Monday, October 26, 2020 12:22 AM IST
തിരുവനന്തപുരം: അഞ്ചു കോളജുകളിൽ പരീക്ഷാ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്ററിലെ ‘ലീനിയര്‍ അള്‍ജിബ്ര ആന്‍ഡ് കോംപ്ലക്സ് അനാലിസിസ്’ എന്ന വിഷയത്തിന്റെ പരീക്ഷ റദ്ദാക്കി. പരീക്ഷ കണ്ട്രോളര് ഡോ. കെ.ആര്.കിരണ്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്.അയൂബിന്റെ അധ്യക്ഷതയില്‍ കൂടിയ പരീക്ഷാ ഉപസമിതിയുടേതാണ് തീരുമാനം.
വിവിധ ജില്ലകളിലെ അഞ്ച് കോളജുകളിലാണ് സമാനമായ ക്രമക്കേടുകള്‍ നടന്നത്. പരീക്ഷാഹാളുകളിലേക്കു രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുത്ത ശേഷം വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഇതേ ഗ്രൂപ്പില്‍ ലഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മൊബൈല്‍ഫോണുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു. ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുവാന്‍ പ്രിന്‍സിപ്പൽമാരോട് നിര്‍ദേശിച്ചു. വിവിധ കോളജുകളില്‍ നടന്ന പരീക്ഷാക്രമക്കേടുകള്‍ സംബന്ധിച്ചു ലഭിക്കുന്ന ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല പോലീസ് സൈബര്‍ സെല്ലില്‍ പരാതിനല്‍കും.
പരീക്ഷകളുടെ നടത്തിപ്പിനായി സാങ്കേതിക സര്‍വകലാശാലയുടെ അധീനതയിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും പരീക്ഷാ ചീഫ് സൂപ്രണ്ടുമാരുടെയും അടിയന്തിരയോഗം വിളിച്ചുചേര്‍ക്കും.