കോവിഡ് രോഗിയുടെ മരണം; ശബ്ദ സന്ദേശം പുറത്തുവിട്ട നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ
Monday, October 19, 2020 11:14 PM IST
കളമശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലെ വീഴ്ചയെ തുടര്‍ന്ന് കോവിഡ് രോഗി മരണപ്പെട്ടെന്ന ശബ്ദസന്ദേശം പുറത്തുവിട്ട ആശുപത്രി നഴ്സിംഗ് ഓഫീസര്‍ ജലജാ ദേവിയെ സസ്പെൻഡ് ചെയ്തു.
ജീവനക്കാരെ ജാഗ്രതപ്പെടുത്താനെന്ന പേരില്‍ പ്രചരിപ്പിച്ച ശബ്ദസന്ദേശത്തില്‍ സത്യവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും നല്ല നിലയില്‍ ആതുരസേവനം ചെയ്യുന്ന മെഡിക്കല്‍ കോളജിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അത് അപമാനം ഉണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് അവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യത്.
ജൂണ്‍ ആറു മുതല്‍ ജൂലൈ 20 വരെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബിംഗ് മാറി കിടന്നതിനാല്‍ മരണപ്പെട്ടു എന്നാണ് നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശത്തിലുള്ളത്.
എന്നാല്‍ ഇതു വാസ്തവം അല്ലെന്നും സത്യവിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി. വാഴയില്‍, പ്രിന്‍സിപ്പല്‍ ഡോ. വി.സതീഷ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.