പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തിനെതിരേ
പ്രക്ഷോഭത്തിനു കേരള സോഷ്യൽ സർവീസ് ഫോറം
Monday, October 19, 2020 1:36 AM IST
കോട്ടയം: കർഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായം കേൾക്കാതെ പരിസ്ഥിതി ലോല മേഖലകൾ തിരിച്ചു കൊണ്ടുള്ള വിജ്ഞാപനം അശാസ്ത്രീയവും പ്രദേശവാസികളുടെ ജീവിതം തകർക്കുന്നതുമാണെന്ന് കേരള സോഷ്യൽ സർവീസ് ഫോറം.
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സർക്കാർ വിജ്ഞാപനത്തിനു ദിവസങ്ങൾ മാത്രമാണ് കാലാവധി. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ പീരുമേട് താലൂക്കിലെ ഉപ്പുതറ, വാഗമണ്, ഉടുന്പൻചോല താലൂക്കിലെ അയ്യപ്പൻകോവിൽ, ഇടുക്കി താലൂക്കിലെ കാഞ്ചിയാർ, ഇടുക്കി, തൊടുപുഴ താലൂക്കിലെ അറക്കുളം, ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ മ്ളാപ്പാറ, കുമളി, വണ്ടിപ്പെരിയാർ, മഞ്ഞുമല, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, എരുമേലി നോർത്ത്, പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ കൊല്ലമൂല, പെരിനാട്, ഇടുക്കി ജില്ലയിലെ ഉടുന്പൻചോല താലൂക്കിലെ പൂപ്പാറ, കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ വില്ലേജുകൾ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ കള്ളിക്കാട്, അന്പൂരി, മണ്ണൂർക്കര, വിതുര വില്ലേജുകൾ, പൊന്മുടി എന്നിവയാണ് അടിയന്തിരമായി പരിസ്ഥിതി ലോല മേഖലയാക്കുന്നത്.
ദേശീയ ശരാശരിക്കും മുകളിൽ സംരക്ഷിത വനമേഖലയുള്ള കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളിൽ കൃഷിയിടങ്ങൾകൂടി ബഫർ സോണിൽ ആക്കി കർശന നിയന്ത്രങ്ങൾ വരുന്നതോടെ ജനങ്ങൾ പലായനം ചെയ്യേണ്ടി വരും.
റബർ, വാഴ, കാപ്പി കൊക്കോ ഉൾപ്പെടുന്ന എല്ലാവിധ കൃഷികളും പശു വളർത്തൽ, മീൻ വളർത്തൽ തുടങ്ങിയവയും പ്രാദേശികമായി മാത്രമേ വിപണനം ചെയ്യാൻ സാധിക്കുകയുള്ളു. ഈ മേഖലയിൽ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ രണ്ടാം കിട പൗരന്മാരാകും. റോഡ്, വൈദ്യുതി ഉപയോഗം എന്നിവ നിയന്ത്രിക്കും. രാത്രികാല യാത്ര നിരോധനവും കൂടി പ്രാബല്യത്തിൽ വരുന്പോൾ എല്ലാം പൂർണമാകും.
ഉത്തരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തികൊണ്ടുവരാൻ കോടതിയിൽ കേസ് നടത്താനും കേന്ദ്ര മന്ത്രിമാർക്ക് ഉടൻ നിവേദനം നൽകാനും കേരള സോഷ്യൽ സർവീസ് ഫോറം വെബിനാറിൽ തീരുമാനിച്ചു. ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബിഷപ് മാർ തോമസ് തറയിൽ ചർച്ചകൾക്കു നേതൃത്വം കൊടുത്തു.
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ചെയർമാൻ അലക്സ് ഒഴുകയിൽ, അഡ്വ. അലക്സ് സഖറിയ, ഫാ.ജേക്കബ് മാവുങ്കൽ, ഫാ.ജോസഫ് കളരിക്കൽ എന്നിവർ വിഷയാവതരണം നടത്തി.