7,000 കടന്നു കോവിഡ്
Sunday, September 27, 2020 12:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴായിരം കടന്നു. പ്രതിദിന കണക്കുകൾ ആറായിരത്തിനു മുകളിലെത്തി വെറും രണ്ടു ദിവസത്തിനു ശേഷമാണ് രോഗികളുടെ എണ്ണം 7006 ആയി ഉയർന്നത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അന്പതിനായിരം കടന്നു - 52,678. രോഗവ്യാപനം ഏറ്റവും തീവ്രമായ തിരുവനന്തപുരം ജില്ലയിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.
24 മണിക്കൂറിൽ 58,779 സാന്പിളുകൾ പരിശോധിച്ചപ്പോഴാണ് 11.91 ശതമാനം പേർക്കു രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെതന്നെ ഉയർന്ന വ്യാപനത്തിലേക്കാണു കേരളം എത്തിയിരിക്കുന്നത്. ഇന്നലെ 21 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 656 ആയി.
ഇന്നലെ 6004 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 664 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 68 പേർ വിദേശ രാജ്യങ്ങളിൽനിന്നും 177 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.