ഫൈസൽ ഫരീദിനെ എൻഐഎ ദുബായിൽ ചോദ്യംചെയ്തു
Saturday, September 26, 2020 12:26 AM IST
തലശേരി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ കേസിൽ പ്രധാനിയെന്ന് കരുതുന്ന തൃശൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദിനെ എൻഐഎ സംഘം ദുബായിൽ ചോദ്യംചെയ്തു. ദുബായിലെത്തിയ എൻഐഎ സംഘം ദുബായ് പോലീസിന്റെ സഹകരണത്തോടെ രണ്ടുതവണ മണിക്കൂറുകളോളം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
ഇയാളിൽനിന്ന് കള്ളക്കടത്ത് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ദുബായ് പോലീസിലെ മലയാളി സിഐഡികളിൽനിന്ന് എൻഐഎ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഫൈസൽ ഫരീദ് ദുബായ് പോലീസിന്റെ കസ്റ്റഡിയിൽ ഏകാന്തതടവിലാണെന്ന വിവരവും ദുബായിലെ മലയാളികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഫൈസൽ ഫരീദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അതിസമ്പന്നരായ ചില പ്രവാസികളും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്.