രേഖകൾ നൽകിയില്ലെങ്കിൽ പദവി ഒഴിയുമെന്നു ചെന്നിത്തല
Monday, September 21, 2020 1:15 AM IST
തിരുവനന്തപുരം: ലൈഫ് മിഷൻ, റെഡ് ക്രസന്റ് വിവാദ രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ ലൈഫ് മിഷനിലെ തന്റെ പദവി ഒഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലൈഫ് മിഷൻ നിർമാണവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് സർക്കാരിനു കത്ത് നൽകിയിരുന്നെങ്കിലും 40 ദിവസം കഴിഞ്ഞിട്ടും അവ നൽകിയിട്ടില്ല. തനിക്കു രേഖകൾ നിഷേധിക്കപ്പെട്ടതോടെ സർക്കാർകൂടി അറിഞ്ഞുകൊണ്ടാണ് കമ്മീഷൻ നൽകിയത് എന്ന അനുമാനത്തിലേക്കാണ് എത്തുന്നത്.
തനിക്കു കോപ്പി തരാത്തത് ജനാധിപത്യ നടപടി അല്ല. രണ്ടു ദിവസം കൂടി കോപ്പി ലഭിക്കുന്നതിനായി കാത്തിരിക്കും. എന്നിട്ടും അവ ലഭിച്ചില്ലെങ്കിൽ കമ്മിറ്റിയിൽനിന്നു താൻ രാജിവയ്ക്കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന പാർപ്പിട മിഷൻ ടാസ്ക് ഫോഴ്സിൽ പ്രത്യേക ക്ഷണിതാവാണ് രമേശ് ചെന്നിത്തല.