സാമൂഹ്യ പുരോഗതിക്ക് മലങ്കര കത്തോലിക്ക സഭയുടെ പങ്ക് മഹത്തരം: ഉപരാഷ്ട്രപതി
Sunday, September 20, 2020 12:52 AM IST
പുന്നമൂട് (മാവേലിക്കര): സാമൂഹ്യപുരോഗതിക്കായി മലങ്കര സുറിയാനി കത്തോലിക്ക സഭ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. മലങ്കര സുറിയാനി കത്തോലിക്ക സഭ പുനരൈക്യ നവതി ആഘോഷങ്ങളുടെ ഭാഗമായി ഓണ്‍ലൈനായി സംഘടിപ്പിച്ച മതസൗഹാർദ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമൂഹ്യ-സാസ്കാരികരംഗങ്ങളിൽ ഇടപെടുന്നതോടൊപ്പം വിദ്യാഭ്യാസ സാമൂഹ്യരംഗങ്ങളിൽ സഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഉപരാഷ്ട്രപതിയുടെ സന്ദേശം ജോർജ് ചരുവിള കോർഎപ്പിസ്കോപ്പ വായിച്ചു.
മലങ്കരസുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു . മാവേലിക്കര ബിഷപ് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ഹരിപ്പാട് ശ്രീരാമ കൃഷ്ണ മഠാധിപതി സ്വാമി വീരഭദ്രാനന്ദ, പാളയം ഇമാം ഡോ. വി. പി. ശുഹൈബ് മൗലവി, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാവേലിക്കര രൂപത വികാരി ജനറാൾ മോണ്‍ ജോസ് വെണ്മലോട്ട് എന്നിവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ ദൈവദാസൻ മാർ ഈവാനിയോസിന്റെ മാതൃ ഇടവകയായ മാവേലിക്കര പുതിയകാവ് സെന്റ് ജോസഫ്സ് കത്തോലിക്ക പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ്കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.
പുനരൈക്യ നവതിആഘോഷങ്ങളുടെ ഭാഗമായി വിവിധ സഭകളുടെ അധ്യക്ഷന്മാർ പങ്കെടുക്കുന്ന എക്യുമെനിക്കൽ സമ്മേളനം ഇന്ന് നടക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനംചെയ്യും. കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിക്കും.