കുട്ടനാട് പാക്കേജ് രണ്ടാംഘട്ടം പ്രഖ്യാപിച്ചു
Friday, September 18, 2020 12:46 AM IST
തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ 2019 മാർച്ച് വരെ 1013.35 കോടി രൂപ കുട്ടനാട്ടിലെ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്.ചില പദ്ധതികൾക്ക് നൂറു ദിനത്തിനുള്ളിൽ ഫലം കണ്ടുതുടങ്ങും. പുതിയ പദ്ധതികൾക്ക് തുടക്കവുമാവും.
കുട്ടനാട് ബ്രാൻഡ് അരി ഉത്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് ഒരു വർഷത്തിനകം ആരംഭിക്കും. . ഒരു നെൽ ഒരു മീൻ പദ്ധതി വരുന്ന സീസൺ മുതൽ നടപ്പാക്കും. മത്സ്യബന്ധന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾക്കിടയിൽ സ്വയംസഹായസംഘങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 89 സംഘങ്ങൾക്ക് 1.79 കോടി രൂപ വായ്പയായി നൽകും.
13 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കും.