പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ആന്‍ തോമസിനോട് കീഴടങ്ങാന്‍ നിര്‍ദേശം
Friday, September 18, 2020 12:46 AM IST
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരിൽ ഒരാളുമായ ഡോ. റിയ ആന്‍ തോമസിനോട് മൂന്നാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടായാല്‍ ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാനാവുമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. നിക്ഷേപ തട്ടിപ്പു കേസിലെ മുഖ്യപ്രതികളും സ്ഥാപന ഉടമകളുമായ കോന്നി വകയാര്‍ സ്വദേശി റോയി ഡാനിയലിന്റെയും ഭാര്യ പ്രഭയുടെയും മകളായ ഡോ. റിയ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.