പകരക്കാരനില്ലാത്ത നേതാവ്
Thursday, September 17, 2020 12:21 AM IST
നമ്മൾ ചുറ്റുപാടും കാണുന്ന നേതാക്കളിൽനിന്നു തികച്ചും വ്യത്യസ്തനായ ഒരാളാണ് ഉമ്മൻ ചാണ്ടി. നിസഹായരായ സമൂഹത്തിന്റെ പ്രയാസങ്ങൾക്കു പരിഹാരം കണ്ടെത്തുക എന്നതു ജീവിത സുകൃതമായി കാണുന്ന നേതാവ്. സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ തന്നാലാകുന്നത് ചെയ്യാൻ മടിയില്ലാത്ത നേതാവ്. തനിക്കു ബോധ്യമുള്ളതു ചെയ്യാൻ ദൃഢനിശ്ചയമെടുക്കുന്ന വ്യക്തിത്വം. ഏതു കാര്യം ചെയ്യുന്പോഴും സ്വന്തം മനഃസാക്ഷിയുടെ ഉൾവിളി അനുസരിച്ചുചെയ്യുന്ന ഭരണാധികാരി. ഉമ്മൻ ചാണ്ടിയെപ്പറ്റി വിശേഷങ്ങൾ ഏറെയാണ്.
ആറു പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന സുദീർഘമായ സൗഹൃദബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. 1963-ലാണ് കെഎസ്യു പ്രവർത്തനരംഗത്ത് ഉമ്മൻ ചാണ്ടിയെ പരിചയപ്പെടുന്നത്. 1964-67 ബാച്ചിൽ എസ്ബി കോളജിലെ ബിഎ ഇക്കണോമിക്സിനു ഞങ്ങൾ സഹപാഠികളായിരുന്നു.
നോ എന്ന വാക്ക് ഉമ്മൻ ചാണ്ടിയുടെ നിഘണ്ടുവിലില്ല. ആരോടും നോ എന്നു പറയുകയുമില്ല. അദ്ദേഹത്തിന്റെ ശക്തിയും ദൗർബല്യവും അതുതന്നെയായിരുന്നു.
ഏതു സാധാരണക്കാരനും പ്രാപ്യനായ നേതാവ്, ആരുടെയും ശിപാർശക്കത്തില്ലാതെ, ആർക്കും നേരിട്ടു ബന്ധപ്പെടാൻ കഴിയുന്ന വ്യക്തിത്വം. ലഭിക്കുന്ന എല്ലാ പരാതിയിലും തന്നാൽ കഴിയുന്നവിധം ഇടപെട്ട് പരിഹാരം ഉണ്ടാക്കാൻ അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചിരുന്നു. ആ ശൈലിയുടെ തുടർച്ചയാണ് മുഖ്യമന്ത്രിയായപ്പോൾ നടപ്പിലാക്കിയ ജനസന്പർക്ക പരിപാടി. രാവിലെ ഒമ്പതു മുതൽ പുലർച്ചെ രണ്ടും ചിലപ്പോൾ നാലുംവരെ നീണ്ടുനിന്ന പരിപാടിയിൽ കാണാൻ വന്ന എല്ലാവരെയും കാണാനും ഉത്തരവു നൽകാനും അദ്ദേഹം നടത്തിയ ശ്രമം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
ലഭിക്കുന്ന നിവേദനങ്ങളിൽ സ്വന്തം കൈപ്പടയിൽ ഉത്തരവുകളെഴുതുന്ന ശൈലിയാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. ചികിത്സാ സഹായത്തിനുള്ള അപേക്ഷയാണെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റും വരുമാനസർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ചികിത്സയുടെ ചെലവ് അനുസരിച്ച് അദ്ദേഹംതന്നെ ഫയലിൽ നിശ്ചിതതുക അനുവദിച്ചുകൊണ്ട് ഉത്തരവിടും. രണ്ടാഴ്ചയ്ക്കുള്ളിൽ ആ പണം വ്യക്തിക്ക് അല്ലെങ്കിൽ ആശുപത്രിക്കു കൈമാറും. ഇപ്രകാരം സഹായം ലഭിച്ച ലക്ഷങ്ങൾ ഇന്നും കേരളത്തിലുണ്ടാകും.
ജനങ്ങളുടെ ഇടയിൽത്തന്നെ ജീവിക്കാൻ ആഗ്രഹിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെപ്പറ്റി പറഞ്ഞാൽ അവസാനം ഉണ്ടാകില്ല. പകരം വയ്ക്കാൻ ആളില്ലാത്ത നേതാവ്. ഉമ്മൻ ചാണ്ടിക്കുപകരം ഉമ്മൻ ചാണ്ടി മാത്രം.
കെ.സി. ജോസഫ് എംഎൽഎ