മുഖ്യമന്ത്രിയുടെ ഒപ്പു വിവാദം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
Wednesday, September 16, 2020 12:49 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരിക്കേ ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തെ ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഭാഗമായുള്ള ഔദ്യോഗിക ഭാഷാവിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. ചിത്രയെ സാമൂഹ്യനീതി വകുപ്പിലേക്കു സ്ഥലം മാറ്റി.
വ്യാജ ഒപ്പാണെന്ന ആരോപണം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ തള്ളിയിരുന്നു. തന്റെ ഐ പാഡ് ഉയർത്തിക്കാട്ടിയാണ് ഇ-ഫയലിംഗ് സംവിധാനത്തെക്കുറിച്ച് അന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഇങ്ങനെയൊരു ഫയൽ ചോർന്നതിനെപ്പറ്റി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ആഭ്യന്തര അന്വേഷണത്തിൽ വിവാദ ഫയലിന്റെ കാര്യത്തിൽ ഇപ്പോൾ സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥ അനാവശ്യ താത്പര്യം കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി. ഒഎൽ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ കൈകാര്യം ചെയ്തിരുന്ന ഫയലായിരുന്നില്ല ഭരണഭാഷാ വാരാചരണവുമായി ബന്ധപ്പെട്ടത്. സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനിലെ അംഗമാണെങ്കിലും ബിജെപി അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് നടത്തിയ അനുമോദനച്ചടങ്ങിൽ ഇവർ പങ്കെടുത്തതും സംഘടനയ്ക്കകത്ത് ചർച്ചയായിരുന്നു.