പെട്ടിമുടി ദുരന്തം: മൃതദേഹം കണ്ടെത്താനാവാതെ ഏഴാം ദിനം
Friday, August 14, 2020 12:34 AM IST
മൂന്നാർ: പെട്ടിമുടി അപകടം നടന്ന് ഒരാഴ്ച പിന്നിടവേ ഇന്നലെ നടന്ന തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. മുഖ്യമന്ത്രിയും ഗവർണറും സ്ഥലത്ത് എത്തിയെങ്കിലും തെരച്ചിൽ മുടങ്ങിയില്ല. രാവിലെ തന്നെ പതിവു പോലെ എല്ലാ സേനകളും ചേർന്ന് എട്ടോടെ തെരച്ചിൽ ആരംഭിച്ചു. പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു തെരച്ചിൽ.
ദിവസങ്ങളേറുന്നതോടെ കൂടുതൽ പേരെ കണ്ടെത്താനുള്ള സാധ്യത അടയുകയാണ്. വാഹനങ്ങളും ഭാരം കൂടിയ വസ്തുക്കളുമെല്ലാം കിലോമീറ്ററുകൾക്ക് അകലെ പുഴയിലൂടെ ഒഴുകിയെത്തിയ സാഹചര്യത്തിൽ മൃതദേഹങ്ങൾ ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. സംഭവസ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള ഗ്രേവൽ ബാങ്ക് പുഴയ്ക്കു സമീപത്തു നിന്നുമാണ് പതിനാറു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ സ്ഥലം താരതമ്യേന നിരപ്പായിരുന്നതിനാൽ മൃതദേഹങ്ങൾ ഇവിടെ വന്നടിയുകയായിരുന്നു.
പുഴയിൽ നാലടിയോളം ഉയരത്തിൽ ചെളി വന്നടിഞ്ഞ സാഹചര്യത്തിൽ അതിൽ കുടുങ്ങിയിരിക്കാനുള്ള സാധ്യതയുമുണ്ട്. മണ്ണിനടിയിൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് അറിയാൻ സ്നിഫർ ഡോഗുകളെ വീണ്ടും എത്തിച്ചാൽ തെരച്ചിൽ ഫലപ്രദമാകുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.